Thursday, October 18, 2007

എന്റെ ഓര്‍മ്മയിലെ ഭ്രാന്തന്‍

കുട്ടിക്കാലത്ത്‌, ഭ്രാന്തന്‍ എന്നാല്‍ പാറിപ്പറക്കുന്ന മുടിയും മാന്തിപ്പറിച്ച്‌, മുഷിഞ്ഞു നാറിയ വസ്ത്രങ്ങളും ധരിച്ച്‌ അലഞ്ഞുതിരിഞ്ഞു നടക്കുന്നവന്‍(ള്‍) എന്നായിരുന്നു അര്‍ത്ഥം. അതുകൊണ്ടു തന്നെ മാധവണ്ണനെ ഒരു ഭ്രാന്തനായി കാണാന്‍ എനിക്കു കഴിഞ്ഞിരുന്നില്ല. ആറടിക്കുമേല്‍ ഉയരവും തലയില്‍ കുരുവിക്കുടുപോലെ മുന്നോട്ടുതൂങ്ങിക്കിടക്കുന്ന മുടിയും, എപ്പോഴും കോട്ടും സ്യൂട്ടുമണിഞ്ഞു വളരെ വേഗത്തില്‍ ഗൗരവപൂര്‍വ്വം നടന്നു പോകുന്ന മാധവണ്ണനെ കാണുമ്പോള്‍ എങ്ങനെയാണ്‌ ഭ്രാന്തന്‍ എന്നു വിളിക്കുക??

വീട്ടില്‍ മിക്കവാറും വരുമായിരുന്നു മാധവണ്ണന്‍. അദ്ദേഹത്തിന്റെ ഗൗരവപൂര്‍വ്വമുള്ള സംസാരം കേട്ട്‌ വീട്ടിലുള്ളവര്‍ എന്തിനാണ്‌ ചിരിക്കുന്നതെന്നും എനിക്കു മനസിലായിരുന്നില്ല.

ഞങ്ങളുടെ വീടിന്റെ മുന്നില്‍ക്കൂടി പോകുന്ന റോഡ്‌, മറ്റൊരു റോഡില്‍ ചെന്നുമുട്ടുന്നിടത്താണ്‌ മാധവന്നന്റെ വീട്‌. ഒരിക്കല്‍ ഞാനും ഞാന്‍ ജഗതിയണ്ണന്‍ എന്നു വിളിക്കുന്ന ജഗദീശണ്ണനും കൂടി എന്തോ ആവശ്യത്തിനായി മാധവണ്ണന്റെ വിട്ടില്‍ പോയി. ഞങ്ങള്‍ ചെന്നപ്പോള്‍ എന്തോ എഴുതിക്കൊണ്ടിരിക്കുകയായിരുന്നു മാധവണ്ണന്‍. മാധവണ്ണന്റെ അമ്മ, 'മിണ്ടരുത്‌' എന്ന് ആംഗ്യത്തിലൂടെ ഞങ്ങളെ ഭീഷണിപ്പെടുത്തി. ഞങ്ങള്‍ ചെന്നതൊന്നും എഴുത്തുകാരന്‍ അറിഞ്ഞിട്ടില്ല.

ഇടക്ക്‌ വാതില്‍ക്കലേയ്ക്ക്‌ തലനീട്ടി 'എടീ അമ്മേ, കുറച്ചുവെള്ളം കൊണ്ടുവാടീ' എന്നാജ്ഞാപിച്ചു. അമ്മ, ഞണുങ്ങിയ ഒരു സ്റ്റീല്‍ ഗ്ലാസില്‍ വെള്ളവുമായി വന്നു. മുറിയിലേയ്ക്കു പോകുന്നതിനു മുമ്പ്‌ ഞങ്ങളെ നോക്കി വെളുക്കെ ഒന്നു ചിരിച്ചു. വെള്ളം കൊടുത്ത്‌ തിരിച്ചു വന്നപ്പോളാണ്‌ മകന്റെ ക്രൂരകൃത്യത്തെക്കുറിച്ച്‌ അമ്മ വിശദീകരിച്ചത്‌: 'രാവിലെ തുടങ്ങിയ എഴുത്താ... ഇടക്കു ഞാന്‍ ചോറുണ്ണാന്‍ വിളിക്കാന്‍ ചെന്നപ്പോള്‍ എന്നെ ചീത്തപറഞ്ഞ്‌ ഓടിച്ചു'.

ചീത്തയെത്ര കേട്ടിരിക്കുന്നു എന്ന ഭാവത്തോടെ അമ്മ അകത്തേയ്ക്കു പോയി. കഥാകാരന്‍ അപ്പോഴും എഴുത്ത്‌ തുടര്‍ന്നു കൊണ്ടിരുന്നു.

ഇടയ്ക്കൊക്കെ തല മാന്തിപ്പറിയ്ക്കുകയും ആരോടോ കലിപ്പിച്ചെന്ന പോലെ മച്ചിലേയ്ക്കു തുറിച്ചു നോക്കുകയും ചെയ്യുന്നുണ്ടായിരുന്നു. അവസാനം ഒരു മണിക്കൂറിനു ശേഷമാണ്‌ അദ്ദേഹം എഴുത്തു നിറുത്തി പുറത്തേയ്ക്കു വന്നത്‌. ഞങ്ങളെ കണ്ടതും പുള്ളിയ്ക്കു വലിയ സന്തോഷമായി.

കുശലചോദ്യങ്ങള്‍ക്കൊടുവില്‍ അദ്ദേഹം പറഞ്ഞു: "ഞാനൊരു നാടകം എഴുതുകയായിരുന്നടേ... 'അരയന്നത്തിന്‌ ഒരു പല്ല്‌' എന്നാണ്‌ പേര്‌. എങ്ങനെയുണ്ട്‌"

"കലക്കി", ജഗദീശണ്ണന്‍ പറഞ്ഞു.

"ഒരു ദിവസം ഞാന്‍ വീട്ടിലേയ്ക്കു വരാം... എണ്റ്റെ നാടകവും കൊണ്ട്‌" ഞങ്ങളൊന്നു ഞെട്ടി.

നേരത്തേ ഒരു അനുഭവമുള്ളതാണ്‌. ഒരു നാടകമെഴുതി വീട്ടില്‍ വന്ന്‌ അവതരിപ്പിച്ചു. അലര്‍ച്ചയും കൂവലും കേട്ട്‌ നാട്ടുകാരെല്ലാം ഓടിക്കൂടിയതാണ്‌ അന്ന്‌. എന്തായാലും വരുന്നത്‌ വരട്ടെ എന്ന്‌ ഞങ്ങളും തീരുമാനിച്ചു. "എടേയ്‌ ഞാന്‍ കച്ചവടം തുടങ്ങാന്‍ പോകുകയാണ്‌"

(തുടരും)

No comments: