നല്ല മഴക്കാറുണ്ടായിരുന്നതിനാല്‍ രാവിരുണ്ടു വന്നതു ഞാനറിഞ്ഞില്ല. മഴയെ ആനയിച്ചു കൊണ്ടുവരുന്നതു പോലെ തണുത്ത കാറ്റടിച്ചുകൊണ്ടിരുന്നു. ഈ മഴയൊന്നുപെയ്തു തോന്നിരുന്നെങ്കില്‍.... ഞാന്‍ ചകിതനായി.നക്ഷത്രക്കൂട്ടങ്ങളെ മറച്ചു കൊണ്ട് മഴമേഘങ്ങള്‍ നിറഞ്ഞ് ആകാശം ഇരുണ്ടിരിക്കുന്നു. മഴ പൊട്ടി വീഴുന്നതിനു മുമ്പ് കൂടണയാനായി പക്ഷിക്കൂട്ടം വേവലാതിയോടെ പറന്നകലുന്നു.
ആകാശത്ത് മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങളെ കാണാന്‍ എന്റെ മനസ്സ് തുടിച്ചു. നേരം പോകുന്തോറും എന്റെ അസ്വസ്ഥത അധികരിച്ചു.
മഴ ദൂരെ നിന്നും ഇരച്ചു വരുന്ന ശബ്ദം കേട്ടു. മേല്‍ക്കൂരയ്ക്കു മുകളില്‍ ചരല്‍ വാരി എറിയുന്നതു പോലെ മഴത്തുള്ളികള്‍ വന്നു പതിച്ചു.
പുതുമണ്ണിന്റെ മത്തുപിടിപ്പിക്കുന്ന ഗന്ധം. എനിക്കു ഭയം തോന്നി. ഈ മണം കേട്ടാല്‍ അണലികള്‍ ഇറങ്ങിവരുമെന്ന് കുട്ടിക്കാലത്താരോ എന്നെ വിശ്വസിപ്പിച്ചിരുന്നു. ഞാന്‍ കാല്‍ കട്ടിലിന്റെ മുകളിലേയ്ക്കു കയറ്റി വച്ചു.
ഈ മഴ പെട്ടെന്ന് പെയ്തു തോര്‍ന്നെങ്കിലെന്ന് ഞാന്‍ പിന്നെയും കൊതിച്ചു. നക്ഷത്രങ്ങളെ കാണാതെ ഉറങ്ങുന്നത്, കുട്ടികള്‍ അമ്മയെ കാണാതെ ഉറങ്ങുന്നതുപോലെയായിരുന്നു എനിക്ക്.
ഞാനോര്‍ക്കാന്‍ ശ്രമിച്ചു, എന്നുമുതലാണ് ഞാന്‍ നക്ഷത്രങ്ങളുമായി ചങ്ങാത്തത്തിലായിത്തുടങ്ങിയതെന്ന്.
കുട്ടിക്കാലത്തിന്റെ വിസ്മയ വിശ്വാസങ്ങളിലൊന്നായിരുന്നു അത് - മരിച്ചവര്‍ നക്ഷത്രങ്ങളായി ആകാശത്തില്‍ പ്രത്യക്ഷപ്പെട്ട് നമ്മളെ നോക്കി പുഞ്ചിരിക്കുമെന്ന്.
അയലത്തും, ബന്ധുക്കളാരെങ്കിലും മരിക്കുമ്പോഴോ ഞാന്‍ ആകാശത്തേയ്ക്ക് ഉറ്റുനോക്കുമായിരുന്നു - അവരാരെങ്കിലും നക്ഷത്രങ്ങളായി വന്ന് എന്നെ കണ്ണുചിമ്മി കാണിക്കുന്നുണ്ടോ എന്നറിയാന്‍. തിളക്കമേറിയ ഓരോ നക്ഷത്രത്തിനും ഞാന്‍ ഓരോ പേരിട്ടു... ശ്രീയേട്ടന്‍, മുരളിയേട്ടന്‍... വലിയച്ഛന്‍... എനിക്കോര്‍മ്മയാകുന്നതിനു മുന്നേ മരിച്ചു പോയ വലിയേച്ചി.....
അവസാനമായി ഞാന്‍ ഒരു നക്ഷത്രത്തിനു പേരിട്ടത് അച്ഛന്‍ മരിച്ചപ്പോഴായിരുന്നു.അച്ഛന്റെ വിടവ് നികത്താന്‍ കഴിയാത്ത അവസരങ്ങളുണ്ടാകുമ്പോഴെല്ലാം ഞാന്‍ ആകാശത്തേയ്ക്കു നോക്കും - അപ്പോള്‍ അവിടെ ഏറ്റവും തിളക്കമേറിയ താരകം എന്നെ നോക്കി പുഞ്ചിരിക്കുമായിരുന്നു.
കുട്ടിക്കാലത്തെ സ്വപ്നങ്ങളിലും നക്ഷത്രങ്ങള്‍ പൂക്കുമായിരുന്നു. നീലരാത്രിയില്‍ നീല നിറമാര്‍ന്ന നദിയിലൂടെ ഒറ്റയ്ക്ക് വള്ളം തുഴഞ്ഞ് നക്ഷത്രങ്ങളുടെ ലോകത്തേയ്ക്കു പോകുന്ന ഒരു കുട്ടിയെ സ്വപ്നം കണ്ടു കരഞ്ഞുണരുന്ന എന്നെ അമ്മ മാറോടടക്കിപ്പിടിച്ച് പാട്ടുപാടിയുറക്കുമായിരുന്നു.
മഴയുടെ ഇരമ്പം വര്‍ദ്ധിച്ചു വന്നു. കാറ്റില്‍ മരച്ചില്ലകള്‍ ഉലയുന്ന ശബ്ദം....
അണലിയെക്കുറിച്ചുറിച്ചുള്ള ഭയം ള്ളിലൊതുക്കി ഞാന്‍ പതിയെ എഴുന്നേറ്റ് ജനലിനരുകിലെത്തി ജനല്‍ പാളികള്‍ പതിയെത്തുറന്നു. കാറ്റിനൊപ്പം വെള്ളം അകത്തേയ്ക്ക് ഇരച്ചു കയറി. ജനല്‍ അടയ്കാന്‍ തോന്നിയില്ല.
അല്‍പ്പമകലെ കാവിലെ കൂറ്റന്‍ മരത്തിന്റെ ചില്ലകള്‍ കാറ്റിലിളകിയാടുന്നു.അതിലെ കിളികള്‍ ഇപ്പോള്‍ എന്തു ചെയ്യുകയായിരിക്കും? കിളിക്കുഞ്ഞുങ്ങളെ ചിറകിനടിയിലൊതുക്കി തണുത്ത് വിറച്ച്.....
നൂറു വര്‍ഷത്തോളം പഴക്കമുള്ള ആ വടവൃക്ഷം കാറ്റില്‍ കലിതുള്ളിനില്‍ക്കുകയാണ്. അതിലെ അന്തേവാസികളെ മുഴുവന്‍ കുടഞ്ഞെറിയാനെന്നവണ്ണം ശിഖരങ്ങള്‍ ആഞ്ഞു വീശുന്നു...
ആ വന്യ സൗന്ദര്യം എന്നെ മത്തുപിടിപ്പിച്ചു.... ആ വന്യതയില്‍ അലിഞ്ഞുചേരാന്‍ എന്റെ മനസ്സു കൊതിച്ചു.
വാതില്‍ തുറന്നു ഞാന്‍ പതിയെ പുറത്തിറങ്ങി. നീര്‍ത്തുള്ളികള്‍ കുളിരുമായി വന്നെന്നെ പൊതിഞ്ഞു.
(തുടരും)