Tuesday, September 15, 2009

ആയതിനാല്‍ അവള്‍ അവന്‍ നിന്‍റെ നിന്‍ അവള്‍ അന്‍ ര്‍ ണ്‍ ല്‍ ണ്ട

Thursday, October 18, 2007

എന്റെ ഓര്‍മ്മയിലെ ഭ്രാന്തന്‍

കുട്ടിക്കാലത്ത്‌, ഭ്രാന്തന്‍ എന്നാല്‍ പാറിപ്പറക്കുന്ന മുടിയും മാന്തിപ്പറിച്ച്‌, മുഷിഞ്ഞു നാറിയ വസ്ത്രങ്ങളും ധരിച്ച്‌ അലഞ്ഞുതിരിഞ്ഞു നടക്കുന്നവന്‍(ള്‍) എന്നായിരുന്നു അര്‍ത്ഥം. അതുകൊണ്ടു തന്നെ മാധവണ്ണനെ ഒരു ഭ്രാന്തനായി കാണാന്‍ എനിക്കു കഴിഞ്ഞിരുന്നില്ല. ആറടിക്കുമേല്‍ ഉയരവും തലയില്‍ കുരുവിക്കുടുപോലെ മുന്നോട്ടുതൂങ്ങിക്കിടക്കുന്ന മുടിയും, എപ്പോഴും കോട്ടും സ്യൂട്ടുമണിഞ്ഞു വളരെ വേഗത്തില്‍ ഗൗരവപൂര്‍വ്വം നടന്നു പോകുന്ന മാധവണ്ണനെ കാണുമ്പോള്‍ എങ്ങനെയാണ്‌ ഭ്രാന്തന്‍ എന്നു വിളിക്കുക??

വീട്ടില്‍ മിക്കവാറും വരുമായിരുന്നു മാധവണ്ണന്‍. അദ്ദേഹത്തിന്റെ ഗൗരവപൂര്‍വ്വമുള്ള സംസാരം കേട്ട്‌ വീട്ടിലുള്ളവര്‍ എന്തിനാണ്‌ ചിരിക്കുന്നതെന്നും എനിക്കു മനസിലായിരുന്നില്ല.

ഞങ്ങളുടെ വീടിന്റെ മുന്നില്‍ക്കൂടി പോകുന്ന റോഡ്‌, മറ്റൊരു റോഡില്‍ ചെന്നുമുട്ടുന്നിടത്താണ്‌ മാധവന്നന്റെ വീട്‌. ഒരിക്കല്‍ ഞാനും ഞാന്‍ ജഗതിയണ്ണന്‍ എന്നു വിളിക്കുന്ന ജഗദീശണ്ണനും കൂടി എന്തോ ആവശ്യത്തിനായി മാധവണ്ണന്റെ വിട്ടില്‍ പോയി. ഞങ്ങള്‍ ചെന്നപ്പോള്‍ എന്തോ എഴുതിക്കൊണ്ടിരിക്കുകയായിരുന്നു മാധവണ്ണന്‍. മാധവണ്ണന്റെ അമ്മ, 'മിണ്ടരുത്‌' എന്ന് ആംഗ്യത്തിലൂടെ ഞങ്ങളെ ഭീഷണിപ്പെടുത്തി. ഞങ്ങള്‍ ചെന്നതൊന്നും എഴുത്തുകാരന്‍ അറിഞ്ഞിട്ടില്ല.

ഇടക്ക്‌ വാതില്‍ക്കലേയ്ക്ക്‌ തലനീട്ടി 'എടീ അമ്മേ, കുറച്ചുവെള്ളം കൊണ്ടുവാടീ' എന്നാജ്ഞാപിച്ചു. അമ്മ, ഞണുങ്ങിയ ഒരു സ്റ്റീല്‍ ഗ്ലാസില്‍ വെള്ളവുമായി വന്നു. മുറിയിലേയ്ക്കു പോകുന്നതിനു മുമ്പ്‌ ഞങ്ങളെ നോക്കി വെളുക്കെ ഒന്നു ചിരിച്ചു. വെള്ളം കൊടുത്ത്‌ തിരിച്ചു വന്നപ്പോളാണ്‌ മകന്റെ ക്രൂരകൃത്യത്തെക്കുറിച്ച്‌ അമ്മ വിശദീകരിച്ചത്‌: 'രാവിലെ തുടങ്ങിയ എഴുത്താ... ഇടക്കു ഞാന്‍ ചോറുണ്ണാന്‍ വിളിക്കാന്‍ ചെന്നപ്പോള്‍ എന്നെ ചീത്തപറഞ്ഞ്‌ ഓടിച്ചു'.

ചീത്തയെത്ര കേട്ടിരിക്കുന്നു എന്ന ഭാവത്തോടെ അമ്മ അകത്തേയ്ക്കു പോയി. കഥാകാരന്‍ അപ്പോഴും എഴുത്ത്‌ തുടര്‍ന്നു കൊണ്ടിരുന്നു.

ഇടയ്ക്കൊക്കെ തല മാന്തിപ്പറിയ്ക്കുകയും ആരോടോ കലിപ്പിച്ചെന്ന പോലെ മച്ചിലേയ്ക്കു തുറിച്ചു നോക്കുകയും ചെയ്യുന്നുണ്ടായിരുന്നു. അവസാനം ഒരു മണിക്കൂറിനു ശേഷമാണ്‌ അദ്ദേഹം എഴുത്തു നിറുത്തി പുറത്തേയ്ക്കു വന്നത്‌. ഞങ്ങളെ കണ്ടതും പുള്ളിയ്ക്കു വലിയ സന്തോഷമായി.

കുശലചോദ്യങ്ങള്‍ക്കൊടുവില്‍ അദ്ദേഹം പറഞ്ഞു: "ഞാനൊരു നാടകം എഴുതുകയായിരുന്നടേ... 'അരയന്നത്തിന്‌ ഒരു പല്ല്‌' എന്നാണ്‌ പേര്‌. എങ്ങനെയുണ്ട്‌"

"കലക്കി", ജഗദീശണ്ണന്‍ പറഞ്ഞു.

"ഒരു ദിവസം ഞാന്‍ വീട്ടിലേയ്ക്കു വരാം... എണ്റ്റെ നാടകവും കൊണ്ട്‌" ഞങ്ങളൊന്നു ഞെട്ടി.

നേരത്തേ ഒരു അനുഭവമുള്ളതാണ്‌. ഒരു നാടകമെഴുതി വീട്ടില്‍ വന്ന്‌ അവതരിപ്പിച്ചു. അലര്‍ച്ചയും കൂവലും കേട്ട്‌ നാട്ടുകാരെല്ലാം ഓടിക്കൂടിയതാണ്‌ അന്ന്‌. എന്തായാലും വരുന്നത്‌ വരട്ടെ എന്ന്‌ ഞങ്ങളും തീരുമാനിച്ചു. "എടേയ്‌ ഞാന്‍ കച്ചവടം തുടങ്ങാന്‍ പോകുകയാണ്‌"

(തുടരും)

Sunday, February 4, 2007

നക്ഷത്രങ്ങളില്ലാത്ത ആകാശം

ല്ല മഴക്കാറുണ്ടായിരുന്നതിനാല്‍ രാവിരുണ്ടു വന്നതു ഞാനറിഞ്ഞില്ല. മഴയെ ആനയിച്ചു കൊണ്ടുവരുന്നതു പോലെ തണുത്ത കാറ്റടിച്ചുകൊണ്ടിരുന്നു. ഈ മഴയൊന്നുപെയ്തു തോന്നിരുന്നെങ്കില്‍.... ഞാന്‍ ചകിതനായി.
നക്ഷത്രക്കൂട്ടങ്ങളെ മറച്ചു കൊണ്ട്‌ മഴമേഘങ്ങള്‍ നിറഞ്ഞ്‌ ആകാശം ഇരുണ്ടിരിക്കുന്നു. മഴ പൊട്ടി വീഴുന്നതിനു മുമ്പ്‌ കൂടണയാനായി പക്ഷിക്കൂട്ടം വേവലാതിയോടെ പറന്നകലുന്നു.
ആകാശത്ത്‌ മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങളെ കാണാന്‍ എന്റെ മനസ്സ്‌ തുടിച്ചു. നേരം പോകുന്തോറും എന്റെ അസ്വസ്ഥത അധികരിച്ചു.
മഴ ദൂരെ നിന്നും ഇരച്ചു വരുന്ന ശബ്ദം കേട്ടു. മേല്‍ക്കൂരയ്ക്കു മുകളില്‍ ചരല്‍ വാരി എറിയുന്നതു പോലെ മഴത്തുള്ളികള്‍ വന്നു പതിച്ചു.
പുതുമണ്ണിന്റെ മത്തുപിടിപ്പിക്കുന്ന ഗന്ധം. എനിക്കു ഭയം തോന്നി. ഈ മണം കേട്ടാല്‍ അണലികള്‍ ഇറങ്ങിവരുമെന്ന് കുട്ടിക്കാലത്താരോ എന്നെ വിശ്വസിപ്പിച്ചിരുന്നു. ഞാന്‍ കാല്‍ കട്ടിലിന്റെ മുകളിലേയ്ക്കു കയറ്റി വച്ചു.
ഈ മഴ പെട്ടെന്ന് പെയ്തു തോര്‍ന്നെങ്കിലെന്ന് ഞാന്‍ പിന്നെയും കൊതിച്ചു. നക്ഷത്രങ്ങളെ കാണാതെ ഉറങ്ങുന്നത്‌, കുട്ടികള്‍ അമ്മയെ കാണാതെ ഉറങ്ങുന്നതുപോലെയായിരുന്നു എനിക്ക്‌.
ഞാനോര്‍ക്കാന്‍ ശ്രമിച്ചു, എന്നുമുതലാണ്‌ ഞാന്‍ നക്ഷത്രങ്ങളുമായി ചങ്ങാത്തത്തിലായിത്തുടങ്ങിയതെന്ന്.
കുട്ടിക്കാലത്തിന്റെ വിസ്മയ വിശ്വാസങ്ങളിലൊന്നായിരുന്നു അത്‌ - മരിച്ചവര്‍ നക്ഷത്രങ്ങളായി ആകാശത്തില്‍ പ്രത്യക്ഷപ്പെട്ട്‌ നമ്മളെ നോക്കി പുഞ്ചിരിക്കുമെന്ന്.
അയലത്തും, ബന്ധുക്കളാരെങ്കിലും മരിക്കുമ്പോഴോ ഞാന്‍ ആകാശത്തേയ്ക്ക്‌ ഉറ്റുനോക്കുമായിരുന്നു - അവരാരെങ്കിലും നക്ഷത്രങ്ങളായി വന്ന് എന്നെ കണ്ണുചിമ്മി കാണിക്കുന്നുണ്ടോ എന്നറിയാന്‍. തിളക്കമേറിയ ഓരോ നക്ഷത്രത്തിനും ഞാന്‍ ഓരോ പേരിട്ടു... ശ്രീയേട്ടന്‍, മുരളിയേട്ടന്‍... വലിയച്ഛന്‍... എനിക്കോര്‍മ്മയാകുന്നതിനു മുന്നേ മരിച്ചു പോയ വലിയേച്ചി.....
അവസാനമായി ഞാന്‍ ഒരു നക്ഷത്രത്തിനു പേരിട്ടത്‌ അച്ഛന്‍ മരിച്ചപ്പോഴായിരുന്നു.അച്ഛന്റെ വിടവ്‌ നികത്താന്‍ കഴിയാത്ത അവസരങ്ങളുണ്ടാകുമ്പോഴെല്ലാം ഞാന്‍ ആകാശത്തേയ്ക്കു നോക്കും - അപ്പോള്‍ അവിടെ ഏറ്റവും തിളക്കമേറിയ താരകം എന്നെ നോക്കി പുഞ്ചിരിക്കുമായിരുന്നു.
കുട്ടിക്കാലത്തെ സ്വപ്നങ്ങളിലും നക്ഷത്രങ്ങള്‍ പൂക്കുമായിരുന്നു. നീലരാത്രിയില്‍ നീല നിറമാര്‍ന്ന നദിയിലൂടെ ഒറ്റയ്ക്ക്‌ വള്ളം തുഴഞ്ഞ്‌ നക്ഷത്രങ്ങളുടെ ലോകത്തേയ്ക്കു പോകുന്ന ഒരു കുട്ടിയെ സ്വപ്നം കണ്ടു കരഞ്ഞുണരുന്ന എന്നെ അമ്മ മാറോടടക്കിപ്പിടിച്ച്‌ പാട്ടുപാടിയുറക്കുമായിരുന്നു.
മഴയുടെ ഇരമ്പം വര്‍ദ്ധിച്ചു വന്നു. കാറ്റില്‍ മരച്ചില്ലകള്‍ ഉലയുന്ന ശബ്ദം....
അണലിയെക്കുറിച്ചുറിച്ചുള്ള ഭയം ള്ളിലൊതുക്കി ഞാന്‍ പതിയെ എഴുന്നേറ്റ്‌ ജനലിനരുകിലെത്തി ജനല്‍ പാളികള്‍ പതിയെത്തുറന്നു. കാറ്റിനൊപ്പം വെള്ളം അകത്തേയ്ക്ക്‌ ഇരച്ചു കയറി. ജനല്‍ അടയ്കാന്‍ തോന്നിയില്ല.
അല്‍പ്പമകലെ കാവിലെ കൂറ്റന്‍ മരത്തിന്റെ ചില്ലകള്‍ കാറ്റിലിളകിയാടുന്നു.അതിലെ കിളികള്‍ ഇപ്പോള്‍ എന്തു ചെയ്യുകയായിരിക്കും? കിളിക്കുഞ്ഞുങ്ങളെ ചിറകിനടിയിലൊതുക്കി തണുത്ത്‌ വിറച്ച്‌.....
നൂറു വര്‍ഷത്തോളം പഴക്കമുള്ള ആ വടവൃക്ഷം കാറ്റില്‍ കലിതുള്ളിനില്‍ക്കുകയാണ്‌. അതിലെ അന്തേവാസികളെ മുഴുവന്‍ കുടഞ്ഞെറിയാനെന്നവണ്ണം ശിഖരങ്ങള്‍ ആഞ്ഞു വീശുന്നു...
ആ വന്യ സൗന്ദര്യം എന്നെ മത്തുപിടിപ്പിച്ചു.... ആ വന്യതയില്‍ അലിഞ്ഞുചേരാന്‍ എന്റെ മനസ്സു കൊതിച്ചു.
വാതില്‍ തുറന്നു ഞാന്‍ പതിയെ പുറത്തിറങ്ങി. നീര്‍ത്തുള്ളികള്‍ കുളിരുമായി വന്നെന്നെ പൊതിഞ്ഞു.
(തുടരും)